Wednesday, August 3

ഇന്ത്യന്‍ പൌരന്‍റെ ഓരോ ഗതികേട്..........(ആക്ഷേപ ഹാസ്യം)


        എവിടെപ്പോയാലും ഞാന്‍ നേരിടുന്ന ഒരു ചോദ്യമുണ്ട് എന്നെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന്. ഒരു ഇന്‍റര്‍വ്യുവിനു പോയാല്‍ ഏതെങ്കിലും ഒരു സോഷ്യല്‍ നെറ്റ്വര്‍ക്കില്‍  രജിസ്റ്റര്‍ ചെയ്യാന്‍ കേറിയാല്‍, മാട്രിമോണിയല്‍ പരസ്യത്തിന്, ഒരു ബ്ലോഗെഴുതാന്‍, എന്തിനേറെ മീന്‍ വാങ്ങാന്‍ പോയാല്‍ മീന്‍കാരന്‍ വരെ എന്നെക്കുറിച്ച് ചോദിക്കും. എന്നെക്കുറിച്ച് പറഞ്ഞ് എനിക്ക് മടുത്തു. ഇനി എന്നെക്കുറിച്ച് ഞാനങ്ങോട്ട് എഴുതാന്‍ പോവാണ്. അപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാവും എന്ത് കൊണ്ടാണ് എന്നെക്കുറിച്ച് പറയുന്നതില്‍ എനിക്കിത്ര മടുപ്പെന്ന്‍.

നിങ്ങളുടെ പേര് തന്നെയാണ് എന്‍റെ പേര്. ഞാന്‍ ഒരു ഭാരതീയനാണ്. ഭാരതം എന്‍റെ സ്വന്തം രാജ്യമാണ്.(അപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം വേറെ ആരെങ്കിലും ഭാരതത്തിന്‍റെ അവകാശവാദം ഉന്നയിച്ചോ എന്ന്). എല്ലാ ഭാരതീയരും സഹോദരീ സഹോദരന്മാരാണ് (അതെയതെ...എന്നിട്ടാണ് ഈ പെണ്‍വാണിഭവും സ്ത്രീപീഡനവുമൊക്കെ ഉണ്ടാകുന്നത്) ഞാന്‍ എന്‍റെ രാജ്യത്തെ സ്നേഹിക്കുന്നു (തൊഴിലില്ലായ്മ വേതനം കിട്ടുന്ന കാലത്തോളം). അതിന്‍റെ നിയമങ്ങള്‍ അനുസരിക്കുന്നു (എന്തൊക്കെയാണ് ഈ നിയമങ്ങള്‍ എന്നറിയില്ലെങ്കില്‍ കൂടി). ഇതെന്‍റെ പ്രതിജ്ഞയാണ്. സ്കൂളില്‍ അസംബ്ലി ക്യൂവില്‍ കാല്‍ കഴക്കും വരെ നിന്ന് ചൊല്ലിയെടുത്ത, മിഠായി കിട്ടുന്നതു വരെ മാത്രം ആയുസ്സുണ്ടായിരുന്ന പ്രതിജ്ഞ. അത് കഴിഞ്ഞാല്‍....ഭാരതീയരോ? സഹോദരീ സഹോദരന്മാരോ?
        അല്ലെങ്കില്‍ വേണ്ട.., ഈ പ്രതിജ്ഞ ഞാന്‍ തെറ്റിക്കുന്നില്ല. എന്ന് വെച്ച് വണ്ടിയോടിക്കുമ്പോ സ്പീഡില്ലാഞ്ഞാല്‍ പറ്റോ? ബൈക്കില്‍ പോകുമ്പോള്‍ ഹെല്‍മെറ്റ്‌ വെച്ചാല്‍ വല്ലതും കാണാനൊക്കുമോ? അതുമല്ല ശ്വാസംമുട്ടി ആളു തട്ടിപ്പോവില്ലേ? റോഡിലൂടെ പോവുമ്പോ ഒരു ബീഡിയൊക്കെ വലിക്കാതെ പറ്റോ? പിന്നെ മൂത്രിക്കാന്‍ മുട്ടുമ്പം റോഡിലാണോ, വഴിവക്കത്താണോ, വരമ്പത്താണോ എന്നൊക്കെ നോക്കാന്‍ പറ്റോ. അങ്ങ് മൂത്രമൊഴിക്കുകയല്ലാതെ.....
        ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഞാനെങ്ങനെ കൈക്കൂലിയില്ലാതെ ജീവിക്കും. ഇടക്ക് ഞാന്‍ സര്‍ക്കാര്‍ ഓഫിസില്‍ ഉറങ്ങിയെന്നിരിക്കും.അതിനിങ്ങനെ ബഹളം വെച്ചാലെങ്ങനെ? എന്‍റെ ഉറക്കം പോവില്ലേ? ഉറങ്ങുന്നവരെ ശല്യം ചെയ്യരുതെന്നറിയില്ലേ? നിങ്ങള്‍ക്കാ ബോധമൊന്നുമില്ലെങ്കിലും എനിക്ക് നല്ല ബോധമാണ് കേട്ടോ? അത് കൊണ്ട് തന്നെ കൈക്കൂലി കറന്‍സിയായി തന്നെ വേണമെന്ന് ഞാന്‍ ശഠിക്കാറില്ല. അത് വളരെ മോശമാണ്. കിട്ടുന്നതെന്തും പണത്തിനു തുല്യമായാല്‍ മതി. എന്തെങ്കിലും സമ്മാനം തന്നാലും ഞാന്‍ വാങ്ങിക്കും. കാരണം, ഞാന്‍ ഒരു ഭാരതീയനാണ്. കൈക്കൂലി ചോദിച്ചു വാങ്ങുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.അത് കൊണ്ട് തന്നെ ഞാനാരോടും ചോദിക്കാറേയില്ല. പകരം, ഞാനവരെ നാലഞ്ച് പ്രാവശ്യം മടക്കി അയക്കും. കാര്യം പിടികിട്ടുന്നവര്‍ പെട്ടെന്ന് തന്നെ സ്വകാര്യമായി വന്ന് എന്‍റെ കൈയൊന്നു കുലുക്കും. അതൊരു കുലുക്കലാണ് കേട്ടോ! ഞാന്‍ കേമനാണെന്ന് സമ്മതിച്ച മട്ടില്‍ കിലുങ്ങുന്ന ഒരു കുലുക്കല്‍. ഇതൊന്നും മനസ്സിലാവാത്ത ചില കോവാലന്മാര്‍ പിന്നെയും സര്‍ക്കാര്‍ ഓഫിസ്‌ കയറിയിറങ്ങും. അപ്പൊ, ചോദിക്കാതെ വാങ്ങുന്നത് കുറ്റമല്ലേ എന്ന് നിങ്ങള്‍ ചോദിക്കും. അല്ല, നിങ്ങളത് ചോദിക്കും എനിക്കറിയാം. അല്ലെങ്കിലും കാക്ക നന്നാവുന്നത് കോഴിക്ക് കണ്ടൂടല്ലോ?
        പിന്നെ അറിയാല്ലോ!! ഇടക്ക് ഞാന്‍ തീവണ്ടിയിലും ബസ്സിലുമൊക്കെ യാത്ര ചെയ്യാറുണ്ട്. ട്രെയിയിനിലെ ടോയ്‌ലറ്റിലൊക്കെ പോയി വരാറുണ്ടെന്നുള്ളത് സത്യം തന്നെ. എന്ന് വെച്ച് അതങ്ങനെ വൃത്തികേടാക്കി ഇടാറൊന്നുമില്ല. ഏറിക്കഴിഞ്ഞാല്‍ ഒരു ബീഡിക്കുറ്റി ഇടും. അല്ലെങ്കില്‍ വല്ല പാന്‍പരാഗിന്‍റെയോ ഹാന്‍സിന്‍റെയോ കാലിപാക്കറ്റ്. ഇത് പിന്നെ എവിടെ കൊണ്ടിടും?ഇന്ത്യന്‍ റയില്‍വേയില്‍ എവിടെയാണ് ചവറ്റു കുട്ട വെച്ചിരിക്കുന്നത്? ഇനിയിപ്പോ എവിടെയെങ്കിലും വെച്ചിട്ടുണ്ടെങ്കില്‍ തന്നെ ആര്‍ക്കാണ് അതൊക്കെ നോക്കി നടക്കാന്‍ നേരം. ബസ്സില്‍ പക്ഷെ ഞാന്‍ അത്ര മോശമായിട്ടൊന്നും ചെയ്യാറില്ല. എവിടെയെങ്കിലും വൃദ്ധന്മാര്‍ എന്നും സ്ത്രീകള്‍ എന്നും എഴുതി വെച്ചിട്ടുണ്ടെന്ന് കരുതി നമുക്ക്‌ കാലും മടക്കി ഇരിക്കണ്ടായോ? അപ്പോള്‍ സ്ത്രീകളുടെ സീറ്റ്‌ സ്ത്രീകള്‍ക്ക് എന്നും പറഞ്ഞു വരും. അല്ലേലും ഞാനീ സീറ്റും കൊണ്ട് പോവുകേല.....ഞാന്‍ ഇറങ്ങിപ്പോയാല്‍ നിങ്ങള്‍ തന്നെ ഇതെടുത്തോ?
എടൊ സ്ത്രീകള്‍ക്ക് നില്‍ക്കാന്‍ ബുദ്ധിമുട്ടാണ്? കമ്പിയിലേക്ക് കൈയെത്തില്ല..!! ഏതോ കണ്ടക്ടര്‍ ആണെന്ന് തോന്നുന്നു. എല്ലാം കേറിയങ്ങ് കണ്ടക്റ്റ് ചെയ്യുവാ....
ഞാന്‍ ബധിരനും മൂകനും അന്ധനും ജന്മനാ വികലാംഗനുമാണ്...എനിക്കൊന്നും കേള്‍ക്കാനില്ല..കാണാനുമില്ല.
        ചിലപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം. ഞാന്‍ രാത്രിയില്‍ മദ്യപിച്ചുവന്നു
ലഹളയുണ്ടാക്കുന്നതെന്തിനാണെന്ന്? ആര് ലഹളയുണ്ടാക്കുന്നു? മൂക്കറ്റം കുടിച്ചാലും ഞാന്‍ നിശബ്ദം വീട്ടിലെത്തിച്ചേരും. ബഹളമുണ്ടാക്കുന്നത് അവളാണ്...ആ മൂധേവി.
ഇന്നും കുടിച്ചേച്ച് വന്നിരിക്കുന്നെ എന്നും പറഞ് കാറിത്തുടങ്ങും.
ഇവളുമാര് എന്നാണാവോ നമ്മള്‍ ആണുങ്ങളുടെ വികാര വിചാരങ്ങള്‍ മനസ്സിലാക്കുക.
ഓ...അപ്പൊ കുടിക്കാതെ വലിക്കാതെ പലരും നടക്കുന്നുണ്ടല്ലോ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം.
ഡേയ് പോടെ പോടെ തനിക്കൊന്നും വേറെ പണിയില്ലഡേയ് ഈ പെണ്ണുങ്ങളെ ചൂട് കേറ്റി വിടാന്‍ നടക്കുവാണോ?
ആണുങ്ങളായാല്‍ കുടിക്കും, കൂത്താടും, കുത്തിമലര്‍ത്തും, കുടുംബം കലക്കും പിന്നെ ജീവിതം തുലക്കും. മനസ്സിലായോ? ഇതൊക്കെയാണ് ജീവിതത്തിലെ ഓരോ രസങ്ങള്‍..ഹും൦൦....
        പിന്നെ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചെന്ന് വെച്ച് ഞാന്‍ അത്ര മോശക്കാരനൊന്നുമല്ല കേട്ടോ. രാഷ്ട്രീയം അങ്ങനെയാണല്ലോ!! പെട്രോളിന്‍റെ വില കൂട്ടിയാല്‍, പച്ചക്കറിയുടെ വില കൂട്ടിയാല്‍, പാലിന്‍റെ വില കൂട്ടിയാല്‍ ഹര്‍ത്താല്‍ ചെയ്യാതെങ്ങനെ? സ്വര്‍ണത്തിന്‍റെ വില കൂടുന്നതാണെന്നും അത് ഇന്ത്യക്കാരല്ല കൂട്ടുന്നതെന്നും അറിയാവുന്ന ഒരു വിവരമുള്ള രാഷ്ട്രീയക്കാരനായത് കൊണ്ട് അതിനെതിരെ തല്‍ക്കാലം ഞാന്‍ സമരം ചെയ്യുന്നില്ല. അല്ലായിരുന്നെങ്കില്‍, അറിയാല്ലോ, ഞങ്ങള്‍ എന്തിനൊക്കെയാണ് ഹര്‍ത്താല്‍ നടത്തിയിട്ടുള്ളതെന്ന്? - പാര്‍ട്ടി നേതാവിന്‍റെ പട്ടിയോടാണോ കളി? അതൊന്ന് കുരച്ചെന്നിരിക്കും. അല്ല കടിച്ചെന്നു തന്നെയിരിക്കട്ടെ. കല്ലെറിയാന്‍ പാടുണ്ടോ? പുലഭ്യം പറയാന്‍ പാടുണ്ടോ? അങ്ങനെ ചെയ്‌താല്‍ പിന്നെ ഭാരതബന്ദ്‌ നടത്താതിരിക്കാനൊക്കുമോ? ഹര്‍ത്താലായാല്‍ ചില വണ്ടികള്‍ക്ക്‌ ചില പോറലുകള്‍ ഒക്കെ പറ്റിയെന്നിരിക്കും. അത് പിന്നെ കാറ്റും മഴയും വന്ന് എന്തെല്ലാം നാശനഷ്ടങ്ങളുണ്ടാവുന്നു. അതിനെതിരെ ആരെങ്കിലും കേസ്‌ കൊടുക്കാറുണ്ടോ? ഇല്ലല്ലോ? പിന്നെ ഹര്‍ത്താലിന് കടകള്‍ തല്ലിപ്പൊളിച്ചു, വാഹനം അടിച്ചു തകര്‍ത്തു, റോഡില്‍ ടയര്‍ കത്തിച്ചു എന്നെല്ലാം ആക്രോശിക്കുന്നതെന്തിനാ?
ഇതിനെന്നല്ലേ അറുത്താല്‍ എന്ന് പറയുന്നത്. അറുത്താല്‍ എന്തുണ്ടാവുമെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ?
എങ്കില്‍ പിന്നെ നിറുത്തട്ടെ.....മൊബൈല്‍ ചിലക്കുന്നുണ്ട്. ഭാര്യയായിരിക്കും എന്ന് കാട് കയറി ചിന്തിക്കാന്‍ വരട്ടെ. ഞാനും ഇന്ത്യക്കാരന്‍ തന്നെയാണ്. മൊബൈല്‍ എങ്ങനെ ഭംഗിയായി ദുരുപയോഗം ചെയ്യാമെന്ന് എന്നെ പ്രത്യേകം പഠിപ്പിക്കണോ?..
മുദ്രാവാക്യം മുഴങ്ങട്ടെ.......
ഭാരത്,,,,,,,,,,,,,,,,,,കീ ജയ്‌.. വിട്ടു പോയ ഭാഗം പൂരിപ്പിക്കുക.
(ബന്ദ്‌, ഹര്‍ത്താല്‍, ജനതാ, മാതാ)

No comments:

Post a Comment

Note: only a member of this blog may post a comment.