Monday, February 20

ഉണ്ടപ്പക്രുവിന്‍റെ മഹത്തായ ലക്ഷ്യങ്ങള്‍....









   




    പുലരിയിലെ സൂര്യകിരണങ്ങള്‍ മൂട്ടിലടിച്ചപ്പോള്‍ എനിക്ക് തോന്നി സൂര്യന്‍ മനപ്പൂര്‍വ്വം ശല്യം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്ന്. പുള്ളിക്ക് ചുമ്മാ ലോകം ചുറ്റിയടിച്ചു നടന്നാ മതി. പുള്ളി കറങ്ങിത്തിരിഞ്ഞു വരുമ്പോഴേക്കും ഒരു മനുഷ്യന്‍ എന്തോരം കറങ്ങുന്നു എന്ന വല്ല ചിന്തയുമുണ്ടോ? അല്ലേലും ഒന്നുറങ്ങി അതിന്‍റെ ക്ലൈമാക്സ്‌ ക്ലിയര്‍ ആയിത്തുടങ്ങിയിട്ടില്ല. അപ്പോഴേക്കും ഓരോരോ മാരണങ്ങള്‍ ശബ്ദകോലാഹലങ്ങളുമായി ശല്യം ചെയ്യാന്‍ വന്നോളും.

ട്ര്നിം ട്ര്നിം..

പത്രക്കാരന്‍ കഴുതയാണ്, ചുമ്മാ പത്രം വലിച്ചെറിഞ്ഞേച്ചു പോയാ മതി! അവന്‍റെ ഒരു ക്ണിം ക്ണിം. അവന്‍ ഈ വഴിത്താരയെ ധന്യമാക്കി കടന്നു പോവുന്നത് നാലാളെ അറിയിക്കുകയാ. അവന്‍റെ ഒരു പാട്ട സൈക്കിളും അവനും. അവനോട് എന്നെങ്കിലും ഇതൊന്ന് പറയണമെന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട് കുറെയായി. പക്ഷെ, എന്‍റെ തലയൊന്നു പൊങ്ങണ്ടെ  ഈ കിടക്കപ്പായയില്‍ നിന്നും. ഇനി അവനെ കാണണമെങ്കില്‍ മാസാവസാനം ഇവിടെ കുത്തിയിരുന്നാല്‍ മതി. ബില്ലടക്കണമെങ്കില്‍ ബെല്ലടിക്കരുതെന്ന്‍ പറയാം.

    ഹാ അതെന്തെങ്കിലുമാവട്ടെ, ആ പശു എന്തിനാണെന്‍റെ ദൈവേ കാറുന്നത്. വെറും കാടിവെള്ളം കുടിക്കാനാണ് അവന്‍റെ ഈ ആക്രാന്തം. അവന്‍റെ കരച്ചില്‍ കേട്ടാ തോന്നും അവനെന്തോ ആട്ടിന്‍ കാല് സൂപ്പ് വെച്ചതാണ് പ്രതീക്ഷിക്കുന്നതെന്ന്. അല്ലേലും എന്‍റമ്മച്ചിക്ക് ഈ പശൂനേം പോത്തിനെയും കൊണ്ട് നടക്കേണ്ട വല്ല കാര്യവുമുണ്ടോ? പോത്തുപോലെ വളര്‍ന്ന മക്കളുള്ള അമ്മയെന്തിനാ കുറെ പോത്തുകളെയും പശുക്കളെയും വളര്‍ത്തുന്നത്. അതെങ്ങാനും പറഞ്ഞാ ആ തള്ളക്ക് ചെവിയില്‍ കേള്‍ക്കില്ല. നിന്നെക്കാള്‍ ഗുണം ആ പോത്തിനെക്കൊണ്ടാടാ എന്നൊരു കുനുഷ്ട് മറുപടിയും. എനിക്ക് മനസ്സിലാവുന്നില്ല. ചാണകമിടാത്തതാണോ എന്‍റെ തെറ്റ്?. അതോ പാലു തരാത്തതോ? ഇത് രണ്ടും എനിക്കെന്നല്ല ഈ ഭൂമിലോകത്തിലെ ഒരൊറ്റ ആണ്‍കുട്ടിക്കും കഴിയില്ലാന്ന് ഈ അമ്മക്കറിയില്ലേ? പിന്നെന്തിനാണ് ഈ താരതമ്യം! ഇനി ഞാന്‍ പഠിച്ചിറങ്ങി വലിയ ഉദ്യോഗവുമായി വരുമ്പോ ഈയമ്മ ഇതൊക്കെ മാറ്റിപ്പറയും. അന്നും അമ്മ ചോദിക്കോ ആവോ? നിന്‍റെ ഒരൊലൊക്കമ്മേലെ എം ബി എ! നിനക്ക് പൂട്ടാനറിയാമോഡാ? ഉവ്വമ്മേ ഞാന്‍ ഒരുപാട് പേരെ പൂട്ടിയിട്ടുണ്ടെന്നങ്ങ് കാച്ചിയേക്കണം. ഹല്ലാ പിന്നെ. അപ്പൊ തള്ള കലി തുള്ളി വീടുവിട്ടു പോവോ ആവോ? ഹേയ് അങ്ങനെയൊന്നുമില്ല. 

    “മതി മതി ആലോചിച്ച് കിടന്നാല്‍ നേരം രാത്രിയാവും. പിന്നെ ഇവിടന്നെണീക്കേണ്ടി വരില്ല. നാളെ കാലത്തെണീച്ചാല്‍ മതിയാവും”. ഒരു കുഞ്ഞു ശബ്ദം.

അതാരാണപ്പാ? തല പൊക്കി നോക്കിയപ്പോ ഉണ്ടപ്പക്രു. ഉണ്ടപ്പക്രു തന്‍റെ കട്ടിലിന്‍റെ തലഭാഗത്തെക്ക് വന്നു.

പക്രു നീയെപ്പോ വന്നൂടാ?

ഞാന്‍ ഇന്നലെ വന്നൂ മാമാ. മാമന്‍ വരാന്‍ വൈകിയല്ലേ? ഇന്നലെയെന്തേ  നാടകം കളിക്കാന്‍ പോയതാ? ഉണ്ടപ്പക്രുവിന്‍റെ ചോദ്യം കേട്ട് ഞാന്‍ ഞെട്ടി.

നാടകം കളിയൊക്കെ നിര്‍ത്തീലോ പക്രു. ആരാ നിന്നോട് നാടകം കളിക്കാന്‍ പോയെന്ന്‍ പറഞ്ഞത്‌?

മുത്തശ്ശി പറഞ്ഞു എവിടെയെങ്കിലും തെണ്ടാന്‍ പോയതായിരിക്കുമെന്ന്‍. അപ്പൊ ഞാനൂഹിച്ചു മാമന്‍ നാടകം കളിക്കാന്‍ പോയതായിരിക്കുമെന്ന്. അങ്ങനെയാണല്ലോ ഒരിക്കല്‍ തെണ്ടിയത്.

ഡാ പക്രു വായടക്കടാ…കളിയാക്കാന്‍ മാത്രം വളര്‍ന്നോ നീ...

പക്രു ചൂടായി: അതേയ് ഞാന്‍ പക്രുവല്ല, എനിക്ക് നല്ലൊരു പേരുണ്ട്. മിസ്റ്റര്‍ അഖില്‍ ഫെര്‍ണാണ്ടസ്.  

എന്തോന്ന്? ഞാന്‍ ഞെട്ടിപ്പോയി 

മിസ്റ്റര്‍ അഖില്‍ ബര്‍ണാണ്ടസോ?. 

ഡാ നീ തന്നെ നിന്നെ മിസ്റ്റര്‍ എന്ന് വിളിക്കാ?

അല്ലാതെ വേറാരെങ്കിലും എന്നെ മിസ്റ്റര്‍ എന്ന് വിളിക്കുമോ?

അത് പോട്ടെ, നിനക്ക് അഖില്‍ എന്ന് മാത്രമല്ലേ പേരുള്ളൂ. പിന്നെ ഈ നസ്രാണികളുടെ പെരെന്തിനാ വാലാക്കിയത്?.

അത് പിന്നെ ഒരു ഗാംഭീര്യത്തിനു വേണ്ടി. ഇപ്പൊ അതല്ലേ ഫാഷന്‍.

ഗാംഭീര്യത്തിനാണേല്‍ നമ്മള്‍ ഹിന്ദുക്കള്‍ക്ക്‌ തന്നെ എത്രയോ പേരുണ്ട്. അതങ്ങ്‌ ചാര്‍ത്തിക്കൊടുത്താല്‍ പോരെ.

നമുക്കെന്ത് പേരാ ഉള്ളത്?

സുഗ്രീവന്‍ എന്നങ്ങിട്ടോ? ഭയങ്കര ഗാംഭീര്യം കിട്ടും.

മാമയെ ഞാന്‍ മാങ്ങ എന്ന് വിളിച്ചാല്‍ എങ്ങനെയുണ്ടാവും...?

അടി കിട്ടും നിനക്ക്. അല്ല ഇത്ര ഗാംഭീര്യത്തിനു മാത്രമുള്ള പ്രായമൊക്കെയായോ നിനക്ക്? നിനക്കെത്രയാ വയസ്സ്?

പത്തു മുപ്പത്‌ വയസ്സായി.

എത്ര?

പത്ത്‌.

പിന്നെന്തിനാ മുപ്പത്‌ എന്ന് പറഞ്ഞത്‌.?

അത് പിന്നെ ഒരു...ഒരേകദേശം പറഞ്ഞതല്ലേ.

ആഹാ പത്തിലേക്ക്‌ ഇരുപത് കൂട്ടിയാണോ ഏകദേശം!

മുപ്പതു വയസ്സൊക്കെ പെട്ടെന്നാവില്ലേ മാമാ

പെട്ടെന്നെന്ന് പറഞ്ഞാല്‍? ഞാന്‍ പുരികം ചുളിച്ചു.

പെട്ടെന്നെന്നു പറഞ്ഞാല്‍ ഇരുപതു കൊല്ലം കഴിഞ്ഞാല്‍.

ഹോ അങ്ങനെ..അല്ലാതെ പത്തുകൊല്ലം കഴിഞ്ഞാല്‍ ആവില്ലല്ലോ.

ആട്ടെ മുപ്പതു വയസ്സായിട്ടു നീയെന്താ ചെയ്യാന്‍ പോണേ?

പക്രു: എന്ത് ചെയ്യാന്‍, എല്ലാവരെയും പോലെ കല്യാണം കഴിക്കണം, പിന്നെ കുറെ കുട്ട്യേളുടെ അച്ഛനാവണം. അങ്ങനെയങ്ങനെ ഒരു പാടുണ്ട് ചെയ്തു തീര്‍ക്കാന്‍.

അതെയതെ, ഇതൊക്കെയാണ് ആദ്യം ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍. നിനക്ക് പത്തു തന്നെയാണോ വയസ്സ്?

(തുടരണോ?)