Saturday, April 6

ഓര്‍മ്മകളിലേക്ക് ഒരു ട്രെയിന്‍ യാത്ര (രണ്ടാം ഭാഗം)







    സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ കണ്ണും മിഴിച്ചിരിക്കുമ്പോഴാണ് അപരിചിതനായ ഒരാള്‍ ചാറ്റ് റൂമില്‍ വന്നത്. ആഗതന്‍ കുറെ കുശലാന്വേഷണങ്ങള്‍ക്ക് ശേഷം എന്‍റെ ഓര്‍മ്മകളിലേക്ക് ഒരു ട്രെയിന്‍ യാത്ര' എന്ന യാത്രാവിവരണത്തെക്കുറിച്ച് വളരെ നല്ല അഭിപ്രായം പറയുകയും ആ യാത്രകളെക്കുറിച്ച് തുടര്‍ന്നും എഴുതണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ആ നിര്‍ദ്ദേശം തരക്കേടില്ലല്ലോ എന്ന് തോന്നിയത് കൊണ്ടാണ് അതിന്‍റെ തുടര്‍ച്ചയായി ഇതെഴുതുന്നത്.

 

    ഹൊസുര്‍ വിട്ടു പോന്നിട്ട് ഏഴു വര്‍ഷമായതിനാല്‍ ആ യാത്രയും യാത്രയിലുടനീളം ഉണ്ടായ രസകരമായ കാഴ്ചകളും സംഭവങ്ങളും ഓര്‍ത്തെടുക്കുക അല്‍പം ശ്രമകരമായി തോന്നുന്നു. എങ്കിലും ഒരു പരിശ്രമം നടത്തുന്നു. മധുരിക്കുന്ന ആ ഓര്‍മ്മകളും വിരസമായ എന്‍റെ ഏകാന്തതകളില്‍ എനിക്ക് കൂട്ടായുണ്ടായിരുന്നു. ഈ ഏഴു വര്‍ഷത്തിനിടക്ക് ഒരിക്കല്‍ മാത്രമാണ് ഹൊസൂരിലേക്ക് വീണ്ടും വണ്ടി കയറിയത്. പലരെയും മറന്നു പോയിരുന്നുവെങ്കിലും മുന്നില്‍ വന്നു ചേര്‍ന്ന എല്ലാവരെയും പെട്ടെന്ന് തിരിച്ചറിഞ്ഞു. പരിചയക്കാരെയും പഴയ കൂട്ടുകാരെയും ആരെയും ബന്ധപ്പെടാറില്ലെങ്കിലും എവിടെ വെച്ച് കണ്ടാലും പെട്ടെന്ന് തിരിച്ചറിയാറുണ്ട്. പക്ഷെ, പലരും എന്നെ തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. ചിലര്‍ അറിയില്ലെന്ന് നടിക്കും മറ്റു ചിലര്‍ പേര് പോലും ഓര്‍ക്കുന്നില്ലെന്ന് കള്ളം പറയും. കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ ഞാന്‍ അടിമുടി മാറിയിട്ടുണ്ട്. അമ്പത് കിലോ തൂക്കം ഉണ്ടായിരുന്നത് എമ്പത്‌ കിലോ ആയി. മെലിഞ്ഞ ശരീര പ്രകൃതി മാറി തടി അല്‍പം കൂടി എന്നായി പലരുടെയും കമന്റുകള്‍. ദുര്‍ബലനായിരുന്ന നാസര്‍ കരുത്തനായി എന്ന്‍ മറ്റു ചിലര്‍.

 



Kakkattiri,our village

    ഇനി നിങ്ങള്‍ക്ക്‌ മറിച്ചെന്തെങ്കിലും തോന്നുന്നതിന് മുമ്പ്‌ യാത്ര പുറപ്പെടാം. എഴുതാന്‍ പ്രേരകമാകുന്ന ഒരു ഘടകമാണ് പ്രോത്സാഹനം. അത് പോലെ തന്നെ എഴുതുന്നതെല്ലാം വായിക്കപ്പെടുന്നു എന്നുള്ളതും. ഒരു ബ്ലോഗറുടെ വിജയം കമന്റുകളുടെ കൂമ്പാരങ്ങളില്‍ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതിനു വേണ്ടി ഒരൊറ്റ ബ്ലോഗറും സമയം മിനക്കെടുത്തരുതെന്നുമാണ് എന്‍റെ എളിയ അഭിപ്രായം. എഴുത്തില്‍ കാമ്പുണ്ടെങ്കില്‍ ഏതൊരാളും അംഗീകരിക്കപ്പെടും. എന്തിലും തുടര്‍ച്ചയാണ് ആവശ്യം. പാതി വെച്ച് നിര്‍ത്തിപ്പോയാല്‍ ആരും എവിടെയും എത്തില്ല. ചെയ്യുന്ന പ്രവര്‍ത്തി ഏതു മേഖലയില്‍ ആണെങ്കിലും തുടര്‍ന്ന് കൊണ്ടേയിരിക്കുക. ഒരിക്കല്‍ നാം അതില്‍ വിജയിക്കും.

 

ഹൊസൂര്‍ ആണ് ഞങ്ങളുടെ സെക്കന്റ്‌ ഹോം എന്ന് ഞങ്ങള്‍ പറയാറുണ്ട്. ഹൊസൂരില്‍ ഇപ്പോഴുള്ള ബീഫ്‌ ഹോട്ടല്‍ തുടങ്ങി വെച്ചത് എന്‍റെ ഉപ്പ ഹൈദര്‍ ആണ്. അന്ന് വളരെ ചെറിയ ഒരു ഹോട്ടലായിരുന്നു അത്. ഇരുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ നന്നേ ചെറുപ്പത്തിലേ ഉപ്പ ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിക്കുമ്പോള്‍ ഞങ്ങള്‍ മക്കള്‍ ആരും ആ ഹോട്ടല്‍ ഏറ്റെടുത്ത് നടത്താനുള്ള പ്രാപ്തിയുള്ളവരായിരുന്നില്ല.

 

ഞങ്ങളുടെ അമ്മായിയുടെ ഭര്‍ത്താവ് സൈതാലിക്കയാണ് മൂത്ത ജേഷ്ഠന്മാരായ അഷറഫിനെയും നൗഷാദിനെയും ഒപ്പം കൂട്ടി ആ ഹോട്ടല്‍ തുടര്‍ന്നും നടത്തിക്കൊണ്ട് പോന്നത്. നൌഷാദ്ക്ക അന്ന് പ്രീ ഡിഗ്രിക്ക് അക്കിക്കാവ് (തൃശൂര്‍ ജില്ല) സൈന്റ് മേരീസ്‌ കോളേജില്‍ ചേര്‍ന്ന് പഠനം തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ഉപ്പയുടെ മരണ ശേഷം പഠനം ഉപേക്ഷിച്ച് ഹോട്ടല്‍ തുടര്‍ന്ന് പോവുക എന്നത് മാത്രമായിരുന്നു അവര്‍ക്ക്‌ മുന്നിലുണ്ടായിരുന്ന ഏക മാര്‍ഗം. അന്ന് ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുകയായിരുന്നു എന്നാണ് എന്‍റെ ഓര്‍മ്മ.

 

ഞാന്‍ ആദ്യമായി ഹൊസൂരില്‍ എത്തുന്നത് പത്താം ക്ലാസ്‌ കഴിഞ്ഞ ഉടനെയാണ്. പരീക്ഷ കഴിഞ്ഞ് റിസള്‍ട്ട്‌ കാത്തിരിക്കുകയായിരുന്നതിനാല്‍, രാവിലെയും ഉച്ചക്കും വൈകിട്ടും ബാറ്റും ബോളും എടുത്ത് ഗ്രൗണ്ടില്‍ പോയി നന്നായി അദ്ധ്വാനിക്കുന്ന ഒരു ശീലമുണ്ടായിരുന്നു. 'കളിച്ച് കളിച്ച് കരിഞ്ഞു പോയല്ലോ കൊരങ്ങാ' എന്ന് കലിപ്പോടെ പറയുമായിരുന്ന എന്‍റെ വല്ല്യാപ്പയെ ഞാനിന്നും ഓര്‍ക്കുന്നു.  കളിയൊക്കെ എന്നെന്നേക്കുമായി നിര്‍ത്തേണ്ടി വന്നു എന്നതില്‍ വിഷമമുണ്ടെങ്കിലും പോയ കളര്‍ തിരിച്ചു പിടിക്കാന് കഴിഞ്ഞു എന്ന ഒരാശ്വാസം ഉണ്ട്.

 




ആദ്യ യാത്രയില്‍ എനിക്ക് കൂട്ടുണ്ടായിരുന്നത് ഇക്കാക്ക മുജീബും കളിക്കൂട്ടുകാരായ ഷംസുവും ഹക്കീമും ആയിരുന്നു. ഞങ്ങളുടെ ചെറിയ അമ്മായിയുടെ മകനും കുട്ടിക്കാലത്തെ ഞങ്ങളുടെ ഹീറോയും ശക്തിമാനും ആയിരുന്ന മാട്ടായ സിദ്ദിക്കയും യാത്രാമദ്ധ്യേ ഞങ്ങളോടൊപ്പം ചേര്‍ന്നു. ഷംസുവിന്‍റെ ഉപ്പ ബാവ എളാപ്പയും(ഇദ്ദേഹവും ഹാര്‍ട്ട് അറ്റാക്ക് വന്ന് ഏഴു  വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ മരിച്ചു പോയി), ഹക്കീമിന്‍റെ ഉപ്പ  ബാവുക്കയും ആണ് ഞങ്ങളെ നയിക്കുന്നത്. പട്ടാമ്പിയില്‍ നിന്നുമാണ് ഞങ്ങളുടെ യാത്ര തുടങ്ങുന്നത്. അന്ന് ടിക്കറ്റിന് ഏകദേശം എഴുപതു രൂപയാണെന്ന് തോന്നുന്നു. ടിക്കറ്റ്‌ എടുക്കുക, ഭക്ഷണം വാങ്ങുക തുടങ്ങിയ അത്യന്തം ഗൗരവമേറിയ കാര്യങ്ങള്‍ കാരണവന്മാരെ ഏല്‍പ്പിച്ച് ഞങ്ങള്‍ അവരെ ബഹുമാനിച്ചതിനാല്‍ ടിക്കറ്റിന് എത്ര രൂപയായി എന്നൊന്നും കൃത്യമായി ഓര്‍മ്മയില്ല.



Velliyankall bridge, Thrithala
 

 

കാലിക്കറ്റ്‌ നിന്നും വണ്ടി പട്ടാമ്പിയില്‍ എത്തിച്ചേരാന്‍ പത്തു മണിയാവും. പിന്നെയത് പുറപ്പെടാന്‍ പത്തു മിനുറ്റ് കൂടി എടുക്കും. മുമ്പ്‌ വിവരിച്ചത് പോലെ ഒരു ഭാഗത്ത് പുഴയും മറുഭാഗത്ത്‌ വയലേലകളുമായി സുന്ദരമായ പാലക്കാടന്‍ ഗ്രാമീണ ഭംഗി ആസ്വദിച്ചു കൊണ്ടുള്ള യാത്ര. കോയമ്പത്തൂര്‍ വരെ ആ യാത്ര രസകരമാണ്. പോത്തനൂര്‍ എത്തിയാല്‍ ഒരല്പം നേരം ട്രെയിന്‍ നിര്‍ത്തുന്നു എന്നതൊഴിച്ചാല്‍ പാലക്കാട്‌ കഴിഞ്ഞാല്‍ പിന്നെ കോയമ്പത്തൂര്‍ വരെ പറയത്തക്ക സ്റ്റേഷനുകള്‍ ഒന്നും തന്നെ ഇല്ല.

 

    സമയം ഒന്നരയാവുമ്പോള്‍ ട്രെയിന്‍ കോയമ്പത്തൂര്‍ എത്തും. അവിടെ നിന്നും ലഞ്ചും വാങ്ങി ചെന്നൈ - കോവൈ – ബാംഗ്ലൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസിനായുള്ള കാത്തിരിപ്പാണ്. ആളുകള്‍ ഒച്ചവെച്ച് ചായ, കാപ്പി, ചായ, കാപ്പി, എന്ന് കമ്പാര്‍ട്ടുമെന്റിലൂടെ കൂട്ടത്തോടെ പറഞ്ഞു നടക്കുന്നത് കേള്‍ക്കുമ്പോള്‍ കേരളത്തിലെ മഴക്കാല രാത്രികളെയാണ് ഓര്‍മ്മവരിക.

 




    രണ്ടരയോടെ ഇന്‍റര്‍സിറ്റി എക്സ്പ്രസ് വന്നപ്പോള്‍ എല്ലാവരും തിക്കിത്തിരക്കി കയറാന്‍ തുടങ്ങി. കയറാന്‍ ക്യുവില്‍ നില്‍ക്കുന്നവര്‍ ജനലഴികളിലൂടെ ടവല്‍, ബാഗ്‌ എന്നിവ സീറ്റില്‍ വെച്ച് സീറ്റുകള്‍ ബുക്ക്‌ ചെയ്യാനും തുടങ്ങി. മൂത്തവരോടൊപ്പം ഞങ്ങളും ഒരുവിധം ട്രെയ്നില്‍ കയറിപ്പറ്റി. ഭാഗ്യത്തിന് ഇരിക്കാനും സീറ്റ് കിട്ടി. എന്നിട്ടും ഞങ്ങള്‍ക്ക്‌ ഇരിപ്പുറച്ചില്ല. കാരണം ഭക്ഷണം കഴിഞ്ഞ പാടെ സിദ്ദിക്ക ഓടുന്ന വണ്ടിയുടെ വാതുക്കല്‍ വന്നിരിന്നു ദൂരേക്ക്‌ നോക്കിയിരിപ്പായി. കാഴ്ചകള്‍ കാണാനുള്ള ആകാംക്ഷ അടക്കാനാവാതെ വന്നപ്പോള്‍ ഞങ്ങളും വാതില്‍പ്പടിയില്‍ എത്തി ദൂരക്കാഴ്ചകള്‍ നോക്കി നില്‍പ്പായി. അങ്ങകലെ മൊട്ടക്കുന്നുകള്‍ കാണാം.

   

സ്ഥിര യാത്രക്കാരനായ ഹക്കിം ഒരു ഗൈഡിനെ പോലെ കാര്യങ്ങള്‍ വിവരിച്ചു തന്നു കൊണ്ടിരുന്നു. ഞങ്ങള്‍ക്കാര്‍ക്കും യാതൊരു വിവരണവും ആവശ്യമില്ലായിരുന്നു. ഞങ്ങളാരും ഒന്നും ചോദിച്ചിരുന്നുമില്ല. എങ്കിലും ഹക്കീം വിവരിച്ചു കൊണ്ടേയിരുന്നു. തമിള്‍ നാടിന്‍റെ മണ്ണും മണവും ഞങ്ങള്‍ അനുഭവിച്ചറിയാന്‍ പോവുകയാണ്. പച്ചപ്പ് നിറഞ്ഞ കേരള മണ്ണില്‍ നിന്നും മൊട്ടക്കുന്നുകള്‍ നിറഞ്ഞ തമിള്‍നാടന്‍ ഗ്രാമങ്ങളിലൂടെയുള്ള യാത്ര. കുന്നിന്‍മുകളിലെ കൊച്ചു കൊച്ചു മരങ്ങളില്‍ തൂങ്ങിയാടുന്ന കുരങ്ങുകളെയും മേഞ്ഞു നടക്കുന്ന കന്നു കാലിക്കൂട്ടങ്ങളെയും നോക്കിയിരുന്ന്‍ സമയം പോയതറിഞ്ഞില്ല.

 

കണ്ട കാഴ്ചകളില്‍ ഞങ്ങള്‍ക്ക്‌ പെട്ടെന്ന് പരിചിതമായി തോന്നിയത്‌ കാവേരി നദിയാണ്. ഇന്ന് കേരളവും തമിള്‍ നാടും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തര്‍ക്കമുള്ളത് പോലെ അന്ന് തമിഴ്നാടും കര്‍ണാടകയും കാവേരി നദീജല വിഷയത്തില്‍ തര്‍ക്കം മൂര്‍ഛിച്ചു നില്‍ക്കുന്ന സമയമായിരുന്നു.

 

അതിനിടക്കെപ്പോഴോ ഞങ്ങള്‍ ഒന്നുറങ്ങിപ്പോയി. പിന്നീട് കണ്ണ് തുറന്നത് 'ചായ കാപ്പി ചായ കാപ്പി' എന്ന് കേട്ട് കൊണ്ടാണ്. വണ്ടി സേലം എത്തിയിരിക്കുന്നു. സമയം അഞ്ചു മണിയായതിനാല്‍ അവിടെ നിന്നും ചായയും വടയും വാങ്ങിക്കഴിച്ച് ഉറക്കച്ചടവ് മാറ്റി. റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ രണ്ട് മൂന്നു തവണ ഉലാത്തിയ ശേഷം വീണ്ടും വന്നു വണ്ടിയില്‍ കയറി.

 

കോയമ്പത്തൂര് നിന്നും തിക്കിത്തിരക്കിയാണ് വന്നിരുന്നതെങ്കിലും ഈറോഡ്‌, സേലം എന്നീ സിറ്റികള്‍ കഴിഞ്ഞതോടെ ട്രെയിനില്‍ തിരക്ക് കുറഞ്ഞു തുടങ്ങിയിരുന്നു.

 

അങ്ങനെ ഞങ്ങള്‍ക്കിറങ്ങേണ്ട സ്ഥലമായ ഹൊസൂര്‍ എത്തി. ദൂരെ നിന്നെ ഞങ്ങളുടെ ലാന്‍ഡ്‌ മാര്‍ക്ക്‌ ആയ ആ ചെറിയ കുന്നും അതിനു മേലെയുള്ള വിളക്കുകളും കണ്ടു തുടങ്ങി. ഏപ്രില്‍ മാസം ആയിരുന്നതിനാല്‍ അന്ന് വലിയ തണുപ്പുള്ളതായി അനുഭവപ്പെട്ടിരുന്നില്ല.

 

-----------------------------------------------------------------------------------------

 

ഞങ്ങള്‍ ഹോട്ടലില്‍ ചെന്ന് കയറുമ്പോള്‍ നൗഷാദ്ക്കയും മണികണഠനും മുഹമ്മദലിയും(കൊടിഞ്ഞി) മനോഹരനും ഇ വി നൗഷാദും (പൂച്ച എന്ന് വിളിക്കും) സന്തോഷും ആണ് അവിടെ ഉണ്ടായിരുന്നത്. മനോഹരന്‍ ജോലി നോക്കിയിരുന്നത് ബാവുക്കയുടെ കടയില്‍ ആയിരുന്നു.

 

ആദ്യത്തെ മൂന്നാല് ദിവസങ്ങള്‍ വലിയ ഒച്ചപ്പാട് ഒന്നുമില്ലാതെ കഴിഞ്ഞു പോയി. ഞങ്ങള്‍ നെയ്ച്ചോറും പോത്തിറച്ചിയും കഴിച്ച് മതി വരാതെ നടക്കുകയായിരുന്നു. പക്ഷെ, അവര്‍ കരുതിയിരുന്നത് ഞങ്ങള്‍ക്ക് നെയ്ച്ചോറും കറിയും പിടിക്കുന്നില്ല എന്നായിരുന്നു. അത് കൊണ്ട് തന്നെ അവര്‍ ഞങ്ങളെ പച്ചരിയുടെ ചോറും മീന്‍കറിയും തീറ്റിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഞങ്ങള്‍ മനസ്സില്ലാ മനസ്സോടെ അതും അകത്താക്കി.

 

അടുത്ത വെള്ളിയാഴ്ച കൊടിഞ്ഞിയെ ഹോട്ടല്‍ നടത്താന്‍ ഏല്‍പ്പിച്ച് നൌഷാദ്ക്ക ഞങ്ങളെയും കൂട്ടി ബാംഗ്ലൂര്‍ കാണാനിറങ്ങി. മനോഹരനും ലീവ്‌ എടുത്ത് ഞങ്ങളോടൊപ്പം ചേര്‍ന്നു. ആദ്യമായി ബാംഗ്ലൂര്‍ കാണാന്‍ പോകുന്ന ത്രില്ലില്‍ ഞങ്ങള്‍ ബസ്സില്‍ ചാരിയിരുന്ന്‍ ഉറങ്ങി. ട്രാഫിക്‌ ജാം കാരണം നാല്‍പതു കിലോമീറ്റര്‍ അകലെയുള്ള ബാംഗ്ലൂര്‍ എത്താന്‍ ഒരു മണിക്കൂര്‍ എടുത്തു.

 

അന്നെടുത്ത ഫോട്ടോകളില്‍ എന്‍റെ കയ്യില്‍ അവശേഷിക്കുന്നത് ഏതാനും ചില ഫോട്ടോകള്‍ മാത്രം. ഹൈ കോര്‍ട്ടിനു മുമ്പില്‍ നിന്നെടുത്തതും വിധാന്‍ സൌധയുടെ മുമ്പില്‍ നിന്നെടുത്തതും ഞാന്‍ സ്കാന്‍ ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. ലാല്‍ബാഗ് ഗാര്‍ഡന്‍ അന്നും പ്രശസ്തമായിരുന്നെങ്കിലും കാമുകീകാമുകന്മാര്‍ സല്ലപിക്കുന്ന കാഴ്ച കാണാന്‍ സാധ്യതയുണ്ടെന്ന കാരണം പറഞ്ഞ് ഞങ്ങളെ അങ്ങോട്ട്‌ കൊണ്ടുപോയില്ല. അങ്ങനെ ഞങ്ങള്‍ക്ക്‌ സുന്ദരമായ ആ കാഴ്ച നഷ്ടപ്പെട്ടു. തെറ്റിദ്ധരിക്കരുത്, സുന്ദരമായ പുഷ്പ പ്രദര്‍ശനം കാണാന്‍ കഴിഞ്ഞില്ല എന്നാണ് ഉദ്ദേശിച്ചത്.

 

ആദ്യമായി എയര്‍ പോര്‍ട്ട്‌ കാണുന്നതും ബാംഗ്ലൂര്‍ എത്തിയപ്പോഴാണ്‌. ടിക്കറ്റ്‌ എടുത്ത് ഉള്ളില്‍ കയറി വിമാനം പൊങ്ങുന്നതും ഇറങ്ങുന്നതും നോക്കി നിന്നു എന്നല്ലാതെ ഞങ്ങള്‍ക്ക്‌ പ്രത്യേകിച്ച് ഒരു കൌതുകവും അവിടെ കാണാന്‍ കഴിഞ്ഞില്ല.

 

ബാംഗ്ലൂരിലെ അന്നത്തെ ഏറ്റവും വലിയ കെട്ടിടത്തിന്‍റെ (ഇരുപത്തിനാല് നില) മുകളിലത്തെ നിലയിലേക്ക്‌ കോണിപ്പടി വഴി നടന്നു കയറിയത് ഇന്നും അത്ഭുതത്തോടെ ഓര്‍ക്കുന്നു. കുവൈത്തിലെ പത്തു നില കെട്ടിടത്തിലെ രണ്ടാമത്തെ നിലയിലെ ഫ്ലാറ്റിലേക്ക് ലിഫ്റ്റിന് മുന്നില്‍ ക്ഷമയോടെ  കാത്തു നില്‍ക്കുമ്പോഴാണ് അന്നത്തെ ആ കയറ്റം എത്ര വലിയ സാഹസമായിരുന്നു എന്ന് മനസ്സിലാവുന്നത്.

 

അന്നു രാത്രി തന്നെ ഞങ്ങള്‍ റൂമില്‍ തിരിച്ചെത്തി. പതിവിനു വിപരീതമായി കൊടിഞ്ഞിയുടെ മേല്‍നോട്ടത്തില്‍ അന്ന്‍ ഹോട്ടല്‍ വൈകുന്നേരം വരെ മാത്രമേ തുറന്നു പ്രവര്‍ത്തിച്ചുള്ളൂ. മുതലാളി പോയ തക്കം തൊഴിലാളികള്‍ മുതലെടുക്കുകയായിരുന്നു. എല്ലാവരും കടപൂട്ടി കറങ്ങാനിറങ്ങി. നൗഷാദ്ക്ക വന്നപാടെ കുറച്ചു ചൂടായെങ്കിലും പെട്ടെന്ന് തണുത്തു.

 

റൂമില്‍ എത്തിയാല്‍ എല്ലാവര്‍ക്കും പറഞ്ഞു ചിരിക്കാന്‍ എന്നും എന്തെങ്കിലും പുതിയ സംഭവ വികാസം ഉണ്ടാവും. ഞങ്ങളുടെ അഭാവത്തിലും അതുണ്ടായി. മുനിസിപ്പാലിറ്റി പൈപ്പില്‍ നിന്നും വെള്ളമെടുക്കാന്‍ വന്ന ഒരു അണ്ണാച്ചിയുമായി കൊടിഞ്ഞി വാക്കു തര്‍ക്കവും കയ്യേറ്റവും നടന്നു. കൊടിഞ്ഞിയുടെ നിത്യ വൈരിയും പാരയുമായ സ്ട്രോങ്ങ്‌ മണികണ്ടഠന്‍ രാത്രിയുടെ വൈകിയ വേളയിലും കൊടിഞ്ഞിയെ കളിയാക്കി പാരഡിഗാനം പാടിക്കൊണ്ടിരിക്കുകയാണ്.

"അന്ന് രണ്ട് കൊണ്ടതില്‍ പിന്നെ

മര്യാദ എന്തെന്ന് ഞാനറിഞ്ഞു.

അടി കൊണ്ട വേദനയാല്‍ ഞാന്‍ കരഞ്ഞു..

(ഒറിജിനല്‍ - അന്ന് നിന്നെ കണ്ടതില്‍ പിന്നെ

അനുരാഗം എന്തെന്ന് ഞാനറിഞ്ഞു)

         (തുടരും)

No comments:

Post a Comment

Note: only a member of this blog may post a comment.