Friday, May 9

ഓര്മ്മകളിലേക്ക് ഒരു ട്രെയിന്‍ യാത്ര (നാലാം ഭാഗം)


 
    രണ്ടാം ഭാഗത്തിലും മൂന്നാം ഭാഗത്തിലും വിവരിച്ചത് ഹൊസൂരിലേക്കുള്ള എന്‍റെ ആദ്യ യാത്രയെ കുറിച്ചായിരുന്നു. ആ യാത്ര കഴിഞ്ഞിട്ടിപ്പോള്‍ രണ്ടര വര്‍ഷമാവാന്‍ പോവുന്നു. പ്രീഡിഗ്രി കഴിഞ്ഞ് ഡിഗ്രിക്ക് ചേര്‍ന്നിട്ടും  ഹൊസൂരിലേക്ക് ഒരു യാത്ര കൂടി നടത്താന്‍ കഴിഞില്ല. തിരക്കായിരുന്നു. കാലത്ത്‌ കോളജില്‍ പോവണം, വൈകിട്ട് കളിയ്ക്കാന്‍ പോവണം, പിന്നെ രാത്രി വൈകുവോളം ക്ലബ്ബില്‍ കുത്തിയിരുന്ന് കൂട്ടുകാരോടൊപ്പം നാട്ടുകാരുടെ കുറ്റങ്ങള്‍ പറഞ്ഞ് രസിക്കണം. ഇതിനിടയില്‍ എങ്ങോട്ടെങ്കിലും പോവാന്‍ എവിടെ നേരം? ഇങ്ങനെ കളിച്ചും ചിരിച്ചും തെണ്ടിത്തിരിഞ്ഞും നടന്ന് പ്രീ ഡിഗ്രിയുടെ രണ്ടു വര്‍ഷം കടന്നു പോയി.

 

വര്‍ഷം 2000, സെപ്റ്റംബര്‍ മാസം. ഡിഗ്രി ഒന്നാം വര്‍ഷ ഓണപ്പരീക്ഷ കഴിഞ്ഞു. ഇനി പത്തു നാള്‍ ലീവ്. പത്തു ദിവസം എന്ത് ചെയ്യണം എന്നാലോചിച്ചിരിക്കുമ്പോഴാണ് ഹൊസൂരിലേക്ക് വണ്ടി കയറിയാലോ എന്ന ഒരു തോന്നല്‍. ബാംഗ്ലൂര്‍ മുഴുവന്‍ ചുറ്റിക്കറങ്ങാം, ഹൊസൂരിലെ പഴയ പരിചയങ്ങള്‍ പുതുക്കുകയും ആവാം.

 

അങ്ങനെ അടുത്ത ദിവസം വൈകുന്നേരം ഒറ്റപ്പാലത്തു നിന്നും ബാംഗ്ലൂരിലേക്ക് നേരിട്ടുള്ള തീവണ്ടിയില്‍ തന്നെ പോവാന്‍ തീരുമാനിച്ചു. അധികം ആരോടും പറയാന്‍ നിന്നില്ല. കൂട്ടുകാരോട് പറഞ്ഞാല്‍ അവരെയും കൊണ്ടു പോവേണ്ടി വരും. കൊണ്ടു പോയാല്‍ മാത്രം പോര, അവരുടെ തീറ്റയും ഉറക്കവും എല്ലാം ഞാന്‍ തന്നെ നോക്കേണ്ടി വരും.

 

തീവണ്ടിക്കായി പ്ലാറ്റ്ഫോം ബെഞ്ചില്‍ കാത്തിരിക്കുമ്പോള്‍ ഒറ്റപ്പാലം ടൌണില്‍ തന്നെ താമസിക്കുന്ന മറ്റൊരാള്‍ കൂടി എന്‍റെ അടുത്ത് വന്നിരുന്നു. അയാളും ബാംഗ്ലൂര്‍ വണ്ടിക്കായി കാത്തിരിക്കുകയാണ്. ബാംഗ്ലൂരില്‍ ഒരു പെയിന്റ് ഷോപ്പ് നടത്തുകയാണ് പുള്ളി. ഞങ്ങള്‍ കുറെ നാട്ടു വര്‍ത്തമാനം പറഞ്ഞിരുന്നു. ഒറ്റപ്പാലം സ്റ്റേഷന്‍ ഭാരതപ്പുഴയുടെ തീരത്താണ്. വറ്റി വരണ്ട പുഴക്കഭിമുഖമായിട്ടാണ് ഞങ്ങള്‍ ഇരുന്നിരുന്നത്. അവിടെയിരുന്ന് നോക്കിയാല്‍ വിശാലമായ മണല്‍പ്പരപ്പും മായന്നൂര്‍ പാലവും കാണാം. പുഴയില്‍ പ്രത്യേകം ആളനക്കം ഒന്നും തന്നെയില്ല. മണല്‍ വാരുന്നവരെയോ മറ്റു ജോലിക്കാരെയോ കാണാനില്ല. സായാഹ്ന സൂര്യന്‍ പടിഞ്ഞാറെ മാനത്ത് തെളിഞ്ഞു കത്തുന്നുണ്ട്. ഒഴിഞ്ഞ പുഴയില്‍ അങ്ങിങ്ങായുള്ള നീര്‍ച്ചാലുകളില്‍ സൂര്യ കിരണങ്ങള്‍ ഒരു പ്രത്യേക തിളക്കം തീര്‍ക്കുന്നതും നോക്കി ഞങ്ങളിരുന്നു. തീവണ്ടി വരുന്നത് വരെയും ഞങ്ങള്‍ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു.

 

തീവണ്ടി വന്നതും ഞങ്ങള്‍ തിക്കിത്തിരക്കി കയറിപ്പറ്റി. രണ്ടു പേര്‍ക്കും രണ്ടിടത്തായിട്ടാണ് ഇരിപ്പിടം കിട്ടിയത്‌. വണ്ടി നീങ്ങിത്തുടങ്ങി. കിഴക്കോട്ട് നീങ്ങുന്ന വണ്ടിയില്‍ ഇടതുഭാഗത്തായി ഇരിപ്പുറപ്പിച്ചു. തീവണ്ടി സ്റ്റേഷന്‍ പിന്നോട്ടോടി മറഞ്ഞു ഒപ്പം  ഇരുനൂറു മീറ്റര്‍ അകലെയായി കാണപ്പെട്ടിരുന്ന ഒരു മനയും കാഴ്ചയില്‍ നിന്നു മാഞ്ഞു. വരിക്കാശ്ശേരി മന തന്നെയാണോ ഇത് എന്ന് സംശയമുണ്ട്. പിന്നീടൊരിക്കലും ഞാന്‍ ഇതേക്കുറിച്ച് ആരോടും തിരക്കാന്‍ പോയിട്ടില്ല. ഇന്ന് പലരും വരിക്കാശ്ശേരി മന കാണാനായി ഒറ്റപ്പാലത്ത്‌ വരാറുണ്ട്. സിനിമാ ഷൂട്ടിംഗ് നടക്കാറുള്ളത് കൊണ്ട് മിക്കവാറും ഏതെങ്കിലും സിനിമാ താരങ്ങള്‍ ഇവിടെ ഉണ്ടാവും. അതായിരിക്കാം അവിടെ സന്ദര്‍ശകരുടെ തിരക്ക്‌.

 

തീവണ്ടിയുടെ വേഗത കൂടുന്തോറും പുറം കാഴ്ചകള്‍ക്ക് നിറം മങ്ങിത്തുടങ്ങി. സൂര്യന്‍ അസ്തമിച്ചു തുടങ്ങിയിരിക്കുന്നു. ഇനി പാലക്കാടാണ് അടുത്ത സ്റ്റേഷന്‍. അത് കഴിഞ്ഞാല്‍ പിന്നെ നിര്‍ത്താതെയുള്ള ഓട്ടമാണ്. ഇത് ഡയറക്റ്റ് ബാംഗ്ലൂര്‍ വണ്ടിയാണ്. സാധാരണ, രാവിലെ പട്ടാമ്പിയില്‍ നിന്നും പുറപ്പെട്ട് കോയമ്പത്തൂര്‍ ചെന്ന് മാറിക്കയറിയാണ് പോവാറ്. തീവണ്ടികള്‍ മാറിക്കയറണമെന്ന ബുദ്ധിമുട്ടൊഴിച്ചാല്‍ കാഴ്ചകള്‍ കണ്ട് പകല്‍ വെളിച്ചത്തില്‍ ധൈര്യമായി പോവാം എന്നത് കൊണ്ട് അത് തന്നെയാണ് ഇഷ്ടവും.

 

ആദ്യത്തെ യാത്ര കഴിഞ്ഞ് രണ്ടര വര്‍ഷം കഴിഞ്ഞതിനാല്‍ ഒറ്റക്ക് പോവുന്ന എനിക്ക് വഴി തെറ്റുമോ എന്ന ഭയത്താല്‍ എന്‍റെ നേരെ ജേഷ്ഠനും സഹപാഠിയുമായ മുജീബ്‌ തന്നെയാണ് ഒറ്റപ്പാലം വഴി ഡയറക്റ്റ് ട്രെയിന്‍ ഉള്ള കാര്യം പറഞ്ഞതും അതില്‍ തന്നെ പോയാല്‍ മതി എന്ന് നിര്‍ബന്ധിച്ചതും (എല്‍ പി  ക്ലാസുകളില്‍ ഇക്ക രണ്ടു കൊല്ലം തോറ്റതിനാല്‍ ഞാനും ഇക്കയും നാലാം ക്ലാസ്‌ മുതല്‍ പത്താം ക്ലാസ്‌ വരെ ഒരേ ക്ലാസില്‍ ആണ് പഠിച്ചു വന്നത്. പിന്നെ ഇക്ക തോറ്റിട്ടില്ല, അല്ല, അവര്‍ തോല്‍പ്പിച്ചിട്ടില്ല എന്നതാണ് സത്യം. കാരണം ഇനിയും തോറ്റാല്‍ ഞാന്‍ സീനിയറും പുള്ളി ജൂനിയറും ആവും എന്നത് ടീച്ചര്‍മാര്‍ മുന്‍കൂട്ടി കണ്ട് ഒരു അത്യാഹിതം ഒഴിവാക്കുകയായിരുന്നു.)

 

ആദ്യത്തെ യാത്രക്ക് ശേഷം മുജീബും ഞാനും ഷംസുവും തിരിച്ചുവന്ന് ഒരു മാസത്തിനു ശേഷം പത്താം ക്ലാസ്‌ പരീക്ഷയുടെ റിസള്‍ട്ട്‌ വന്നു. ഞാന്‍ സെക്കന്റ്‌ ക്ലാസില്‍ ജയിച്ചു. മുജീബ്‌ തോല്‍ക്കുകയും ചെയ്തു. ഷംസു ഒമ്പതില്‍ നിന്ന് പത്തിലേക്ക്‌ ജയിച്ചു. മുജീബ്‌ ഇലക്ട്രോണിക്സ് ഡിപ്ലോമക്കും ഒപ്പം തോറ്റ വിഷയം എഴുതാനായി റ്റൂഷനും ചേര്‍ന്നപ്പോള്‍ ഞാന്‍ പ്രീ ഡിഗ്രിക്ക് കൊമേഴ്സിനു ചേര്‍ന്നു. ഇതിനിടയില്‍ മുജീബ്‌ പഠനം മതിയാക്കി എല്ലാവരുടെയും കണ്ണുവെട്ടിച്ച് എങ്ങോട്ടോ ഒളിച്ചോടി. അവനെ അന്വേഷിക്കേണ്ട എന്ന ഒരു കത്തും നാളുകള്‍ക്ക്‌ ശേഷം വീട്ടിലെത്തി. പഠനത്തില്‍ ഉള്ള താല്പര്യക്കുറവോ മറ്റെന്തോ പ്രശ്നമോ കാരണമാണ് അവന്‍ നാട് വിട്ടു പോയത്‌. അവന്‍ അയച്ച കത്തിന്‍റെ ഫ്രം അഡ്രസ്‌ ഗൂഡല്ലൂര്‍ എന്ന്‍ കണ്ടപ്പോള്‍ നൗഷാദ്ക്ക തന്നെയാണ് അങ്ങോട്ടു പോയി ആളെ കണ്ടു പിടിച്ചത്‌.

 

മടങ്ങി വരവിനു ശേഷം കുറച്ചു കാലം ഹൊസൂരില്‍ ജേഷ്ഠന്മാരോടൊപ്പമായിരുന്നു അവന്‍. ഹൊസൂരില്‍ മൂത്ത ജേഷ്ഠന്‍ അഷ്‌റഫ്‌(മുത്തുക്ക) ഗള്‍ഫ്‌ ബസാര്‍ എന്ന പേരില്‍ മറ്റൊരു ഷോപ്പ് തുടങ്ങിയതിനാല്‍ ഇവന്‍റെ സഹായവും അവര്‍ക്ക്‌ ആവശ്യമായി വന്നു. അത് കൊണ്ട് ബാംഗ്ലൂരിലേക്കുള്ള തീവണ്ടി സമയവും ഏതെല്ലാം സ്റ്റേഷനില്‍ നിന്ന് എപ്പോഴെല്ലാം ഏതെല്ലാം ട്രെയിന്‍ ഉണ്ടെന്നും അവന് നന്നായി അറിയാം. ഞാന്‍ ഡിഗ്രിക്ക് ചേര്‍ന്നപ്പോള്‍ മുജീബ്‌ ഹൊസൂരില്‍ നിന്നും മടങ്ങിവന്ന് ചിത്രം വര പഠിക്കാനായി പട്ടാമ്പി ശില്പചിത്ര ഫൈന്‍ ആര്‍ട്സില്‍ ചേര്‍ന്നു. ഒരു വര്‍ഷത്തിനു ശേഷം അതും ഉപേക്ഷിച്ചു. നന്നായി വരക്കുമെങ്കിലും ആ ഫീല്‍ഡിലേക്ക് പുള്ളി പിന്നെ തിരിഞ്ഞു നോക്കിയതേയില്ല.

 

 

ട്രെയിനില്‍ കുറെയേറെ മലയാളികള്‍ ഉണ്ടായിരുന്നു. മലയാളികളോടൊപ്പം പാട്ടും പാടി കളിച്ചുല്ലസിച്ചാണ് യാത്ര. കലാമണ്ഡലത്തില്‍ പഠിപ്പിച്ചിരുന്ന ഒരു നൃത്താധ്യാപകനും (പേര് ഓര്‍മ്മയില്ല) ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ട്രെയിനില്‍ വെച്ച് ഹൊസൂരിലിറങ്ങേണ്ട രണ്ടു പേരെ കണ്ടുമുട്ടി. ജേഷ്ഠന്മാരുടെ പേരും ഞങ്ങളുടെ ഹോട്ടലിന്‍റെ പേരും പറഞ്ഞപ്പോള്‍ അവര്‍ക്ക്‌ പെട്ടെന്ന് മനസ്സിലായി. അവരും വര്‍ഷങ്ങളായി ഹൊസൂരില്‍ കച്ചവടം നടത്തി വരുന്നവരാണ്.

 

ഹൊസൂര്‍ എത്തിയാല്‍ വലതു ഭാഗത്ത് ഒരു ചെറിയ കുന്നും അതിന്‍റെ മേലെയുള്ള കത്തുന്ന ബള്‍ബുകളും ദൂരെ നിന്നെ കാണാം എന്ന് പോരാന്‍ നേരം മുജീബ്‌ സൂചിപ്പിച്ചിരുന്നു. ഈ പരിചയക്കാരെ കിട്ടിയ സ്ഥിതിക്ക് ഇനി അത് നോക്കേണ്ട ആവശ്യമില്ല. എന്നിട്ടും, ഇരുട്ടില്‍ ഒരു വിസ്മയക്കാഴ്ചയായി  നിലനിന്നിരുന്ന ആ കുന്നും അതിന്മേല്‍ നിന്നുള്ള ദീപാലങ്കാരങ്ങളും ഞാന്‍ ഇമവെട്ടാതെ നോക്കി നിന്നു. നേരം വെളുത്തു തുടങ്ങിയിരുന്നതിനാല്‍ നല്ല തണുത്ത കാറ്റടിക്കുന്നുണ്ടായിരുന്നു.

 

ഞങ്ങള്‍ എളാപ്പ എന്ന് വിളിക്കുന്ന എന്‍റെ വല്ല്യുമ്മയുടെ അനുജത്തിയുടെ ഭര്‍ത്താവ് ബാവക്കാടെ റൂമില്‍ ചെന്ന് കയറി. കുറച്ചു നേരം കിടന്നുറങ്ങി. തീവണ്ടിയില്‍ വെച്ച് കണ്ടുമുട്ടിയവര്‍ അവരുടെ റൂമുകളിലേക്ക് പോയി. ഞാന്‍ ചെല്ലുമ്പോള്‍ ഹക്കീം ഉറക്കത്തിലായിരുന്നു. പുലര്‍ച്ചെ ഹോട്ടലില്‍ എത്തി. കുഞ്ഞുമോനിക്കയായിരുന്നു കാഷ് കൌണ്ടറില്‍. പ്രയാസമൊന്നും ഇല്ലാതെ എത്തിയതില്‍ അവര്‍ക്കും സന്തോഷമായി. മിണ്ടാതെ വണ്ടി കയറിയതാണെങ്കിലും ഞാന്‍ ഇങ്ങോട്ട് പുറപ്പെട്ടിട്ടുണ്ടെന്ന് വീട്ടില്‍ നിന്നും ഫോണ്‍ വിളിച്ചു പറഞ്ഞിരുന്നു.

 

ആദ്യ ദിവസം എനിക്കെന്തോ അനാഥത്വം അനുഭവപ്പെട്ടു. പഴയ മുഖങ്ങളൊന്നും കാണുന്നില്ല. മനോഹരനും കൊടിഞ്ഞി മുഹമ്മദലിയും കൂളി വേലായുധനും മാട്ടായ സിദ്ദിക്കയുമടക്കം പലരും ഹൊസൂര്‍ വിട്ടു പോയിരിക്കുന്നു. മനോഹരന്‍ കക്കാട്ടിരിയില്‍ തന്നെ പെയിന്‍റിംഗ് പണിയുമായി കൂടി. കൊടിഞ്ഞി മുഹമ്മദലി അണ്ണമ്മാരുമായി വഴക്കും വക്കാണവും കൂടി ഹൊസൂരില്‍ നില്‍ക്കാന്‍ പറ്റാതെ വന്നപ്പോള്‍ മെല്ലെ നാട് പിടിച്ചു. ഇപ്പോള്‍ പുള്ളിയുടെ കല്യാണവും കഴിഞ്ഞ് അതില്‍ ഒരു കുഞ്ഞും ജനിച്ചു എന്ന് കൂടി അറിയാന്‍ കഴിഞ്ഞു.

 

ഹൊസൂരിലെ പേ ബംഗ്ലാവില്‍ ഇപ്പോള്‍ കുറെ പുതുമുഖങ്ങളായി. ആലങ്കോട് അസറു, അനുജന്‍  ബഷീര്‍, പട്ടിശേരി സിദ്ദിക്ക്, കക്കാട്ടിരിക്കാരായ ഫാറൂക്ക്,സന്തോഷ്‌, കുഞ്ഞുമോന്‍(പൂച്ച), തിരുനാവായക്കാരന്‍ റാഫി, അങ്ങനെ കുറെയേറെപ്പേര്‍. പക്ഷെ, പഴയ കലാപരിപാടികളില്‍ മാത്രം യാതൊരു മാറ്റവുമില്ല. പാട്ടിനൊപ്പം ആടാന്‍ മനോഹരനും കൊടിഞ്ഞിയും ഇല്ലെന്നുള്ള ഒരു കുറവു മാത്രം. ആളുകളുടെ പരിഹാസം സഹിക്കവയ്യാതായപ്പോള്‍ സ്ട്രോങ്ങ്‌ മണികന്‍ഠന്‍ വെടിനിര്‍ത്തല്‍ ഉടമ്പടിയുണ്ടാക്കി ഇപ്പോള്‍ അടങ്ങിയൊതുങ്ങിക്കഴിയുകയാണ്. അതുകൊണ്ട് തന്നെ ചിരിക്കാനുള്ള കുറെ അവസരം നഷ്ടമായി. എങ്കിലും കഥകള്‍ക്ക്‌ യാതൊരു പഞ്ഞവുമുണ്ടായിരുന്നില്ല. അന്നത്തെ രാത്രിയും അവര്‍ കഥ പറഞ്ഞിരുന്നു. നൗഷാദ്ക്ക നേരത്തെ കിടന്നതിനാല്‍ ആരും പാടാന്‍ തയാറായില്ല. റാഫിയെ ഫൂളാക്കിയ കഥയാണ് ആ രാത്രിയില്‍ ഞാനാദ്യം കേട്ടത്. റാഫി ഹൊസൂരിലേക്ക് ആദ്യമായി വന്ന് രണ്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവം. തമിഴിലെ ഏറ്റവും പുളിച്ച തെറി പറഞ്ഞു കൊടുത്തു കൊണ്ട് ആ സാധനം ഒരു കിലോ വാങ്ങി വരാനായി റാഫിയെ എല്ലാവരും അടുത്തുള്ള തമിഴന്‍റെ കടയിലേക്ക് പറഞ്ഞയച്ചു. കയ്യില്‍ നൂറു രൂപയും കൊടുത്തു. റാഫി ആ തെറിയും ഉരുവിട്ട് കൊണ്ട് തമിഴന്‍റെ കടയില്‍ ചെന്ന് കയറി. ഒന്നുമറിയാത്ത റാഫിയെ അവര്‍ ഒന്നും പറഞ്ഞില്ല, പറഞ്ഞതു മുഴുവന്‍ തന്തക്കാണെന്ന് മാത്രം.
 

 

എനിക്ക് ആവശ്യമായ അല്ലറ ചില്ലറ സാധനങ്ങള്‍ വാങ്ങാനായി പഴയ അണ്ണാച്ചിപ്പെണ്ണിന്‍റെ കടയിലേക്ക് തന്നെ ഓടി. (സാധനങ്ങള്‍ സ്റ്റോക്ക്‌ ചെയ്തു വെക്കുന്ന പരിപാടി  നൗഷാദ്ക്ക എന്തോ കാരണത്താല്‍ നിര്‍ത്തി.) അവിടെയുണ്ടായിരുന്നത് പൂര്‍ണിമയുടെ അമ്മയായിരുന്നു. അവളെവിടെ എന്ന ആകാംക്ഷ അടക്കാനാവാതെ വന്നപ്പോള്‍ ഞാന്‍ എന്‍റെ കസിന്‍സ് കൂടിയായ റാഫിയോടും ബഷീറിനോടും തിരക്കി. ബഷീര്‍ മുഖം ഒന്ന് കനപ്പിച്ചു കൊണ്ട് ഒരു ചോദ്യം.

"എന്തിനാ അവളെ?

"അല്ല, വെറുതെ ചോദിച്ചതാ..അറിയാന്‍ വേണ്ടി.."ഞാന്‍ ഒഴുക്കന്‍ മട്ടില്‍ മറുപടി കൊടുത്തു.

"ആ നീയിപ്പം അങ്ങനെ അറിയണ്ട, അവളെ നോക്കാന്‍ ഇവിടെ ആളുണ്ട്"

ആരാ അത്? എന്‍റെ ചോദ്യം

ഞാന്‍ തന്നെ, ബഷീര്‍ കൂസലില്ലാതെ മറുപടി തന്നു.

ഞാന്‍ ഒരു ചമ്മിയ ചിരി ചിരിച്ചു. അപ്പോഴാണ്‌ റാഫി അവന്‍റെ വണ്‍ വേ പ്രേമത്തെക്കുറിച്ച് വിശദമായി പറഞ്ഞത്.

ഒരു തുണ്ട് കടലാസില്‍ "നാന്‍ ഉന്നെ കാതലിക്കിറേന്‍" എന്നെഴുതി അവന്‍ അവള്‍ക്ക് കൊടുത്തു. സാധനങ്ങള്‍ വാങ്ങി പൈസ കൊടുത്ത കൂട്ടത്തിലാണ് ഈ കടലാസും തിരുകി വെച്ചത്. അവള്‍ അത് കണ്ടതും അവനെ ഒന്ന് തറപ്പിച്ചു നോക്കി. അവളുടെ നോട്ടം അത്ര പന്തിയല്ലെന്ന് കണ്ടപ്പോള്‍ അവന്‍ സോറി പറഞ്ഞ് കടലാസ് പെട്ടെന്ന് തിരിച്ചെടുത്തു.

 

അതിനു ശേഷം പലപ്പോഴും അവന്‍ അവളുടെ ഇഷ്ടം അറിയാന്‍ ശ്രമിച്ചെങ്കിലും അവള്‍ പ്രതികരിച്ചതേയില്ല. ഇപ്പോഴും ബഷീര്‍ ശ്രമം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. എന്നെ വിരട്ടിയത് പോലെത്തന്നെ മറ്റുള്ളവരെയും ബഷീര്‍ വിരട്ടിയിരുന്നതു കൊണ്ടാണ് ഇനി സാധനങ്ങള്‍ സ്റ്റോക്ക്‌ ചെയ്യേണ്ട ആവശ്യമില്ലെന്ന് നൗഷാദ്ക്ക മനസ്സിലാക്കിയത്‌. (അനില്‍ കുംബ്ലെക്ക് പത്തു വിക്കറ്റ് തികയ്ക്കാനായി ശ്രീനാഥ് ലൂസാക്കി എറിഞ്ഞത്‌ പോലെ, ബാക്കിയുള്ളവരും ബഷീറിന് വേണ്ടി വഴിമാറിക്കൊടുക്കുകയായിരുന്നു) പക്ഷെ, അവന്‍റെ ശ്രമങ്ങളൊന്നും വിജയിക്കില്ല എന്നും അവനറിയാം. മുറച്ചെറുക്കനുമായി അവളുടെ കല്യാണം നിശ്ചയിച്ചു കഴിഞ്ഞ കാര്യവും അവന്‍ തന്നെയാണ് എന്നോട് പറഞ്ഞത്. അത് കൊണ്ടാണ് അവളെ അധികനേരം കടയില്‍ കാണാത്തതും. കടയിലിരിക്കാന്‍ മറ്റാരും ഇല്ലാതെ വന്നാല്‍ മാത്രമേ അവള്‍ കടയില്‍ വരാറുണ്ടായിരുന്നുള്ളൂ. അവളുടെ വീടിനോട് ചേര്‍ന്ന് തന്നെയാണ് കടയും. പൂര്‍ണിമയെ നോക്കി നില്‍ക്കാനല്ലാതെ ഒന്നും പറയാന്‍ എനിക്കറിയില്ലായിരുന്നത് കൊണ്ട് ബഷീറിനെ ഓവര്‍ ടേക്ക് ചെയ്ത് പ്രണയിക്കാനൊന്നും ഞാനും മിനക്കെട്ടില്ല.

 

 

പത്തു നാള്‍ തികയ്ക്കാന്‍ നില്‍ക്കാതെ ഞാന്‍ തിരിച്ചു പോന്നു. ബാംഗ്ലൂര്‍ യാത്ര നടന്നില്ല. കൂടെ വരാന്‍ ആരും ഉണ്ടായിരുന്നില്ല. എന്നെ തനിയെ വിടാന്‍ ഇക്കാക്കമാര്‍ക്ക്‌ ധൈര്യം പോരായിരുന്നതിനാല്‍ ഹൊസൂരില്‍ തന്നെ ചുറ്റിയടിച്ചു തിരിച്ചു പോരേണ്ടി വന്നു.  

 

 

ഏതാനും മാസങ്ങള്‍ക്ക് ശേഷം ഒരു പുലര്‍ച്ചെ വീട്ടിലേക്ക്‌ ഒരു ഫോണ്‍ വിളി വന്നു. വീട്ടിലുണ്ടായിരുന്ന നൗഷാദ്ക്കയാണ് ഫോണ്‍ എടുത്തത്. ഞാന്‍ കോളജിലേക്ക്‌ പോവാനുള്ള ഒരുക്കത്തിലായിരുന്നു.

 

   നൗഷാദ്ക്ക ഫോണ്‍ താഴെ വെച്ച് ഉമ്മയുടെ അടുത്ത് ചെന്ന് വിഷമത്തോടെ പറയുന്നത് കേട്ടു..

ഉമ്മാ കൊടിഞ്ഞി മുഹമ്മദലി മരിച്ചത്രെ. ഇന്നലെയാണത്രെ മരണമുണ്ടായത്.

എങ്ങനെയാ മരിച്ചത്‌.? ഉമ്മ ചോദിക്കുമ്പോള്‍ ഞങ്ങളും അവിടേക്കോടിയെത്തി..

ഷോക്കടിച്ചിട്ടാണത്രെ!!പവര്‍കട്ട്‌ സമയത്ത് കുളിമുറിയില്‍ ഒരു ബള്‍ബ് കണക്ഷന്‍ കൊടുക്കുകയായിരുന്നു...മെയിന്‍ സ്വിച് ഓഫാക്കാന്‍ ശ്രദ്ധിച്ചില്ല. സമയം പോയതറിയാതെ ജോലി തുടരുന്നതിനിടക്ക് കറന്‍റ് വരുകയും ഷോക്കേറ്റു മരിക്കുകയും ചെയ്തു. കുളിമുറിയില്‍ വെള്ളം തളംകെട്ടി നിന്നിരുന്നതിനാല്‍ മറ്റുള്ളവര്‍ക്ക് അങ്ങോട്ടടുക്കാനും രക്ഷപ്പെടുത്താനും കഴിഞ്ഞില്ല.

 

കോളജിലേക്കുള്ള വഴിയെ സ്ട്രോങ്ങ്‌ മണികണ്‍ഠനെ കണ്ടു. അവന്‍ ഹൊസൂര്‍ വിട്ടു പോന്നിട്ടിപ്പോള്‍ കുറച്ചു മാസങ്ങളായി. കൊടിഞ്ഞിയുടെ മയ്യിത്ത്‌ കാണാന്‍ പോവണം എന്ന് അവന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും പോവാനൊത്തില്ല. എത്ര പാര വെച്ചാലും എത്ര കളിയാക്കിയാലും അവനെന്‍റെ നല്ല സുഹൃത്തായിരുന്നു എന്ന് മണികണ്‍ഠന്‍ വ്യസനത്തോടെ ഓര്‍ത്തു. എന്‍റെ മനസ്സിലേക്ക് രണ്ടരക്കൊല്ലം മുമ്പത്തെ ഒരു സായാഹ്നവും മനോഹരനും കൊടിഞ്ഞിയും ആസ്വദിച്ചാടിത്തീര്‍ത്ത ആ മനോഹരഗാനവും ഒഴുകിയെത്തി.

അല്ലാഹു കൊടിഞ്ഞിയുടെ എല്ലാ പാപങ്ങളും പൊറുത്തു കൊടുക്കുമാറാകട്ടെ...ആമീന്‍

No comments:

Post a Comment

Note: only a member of this blog may post a comment.